ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് വിവിധ തസ്തികകളിലേക്ക് നിയമന വിജ്ഞാപനം പുറത്തിറക്കി. ക്ലറിക്കൽ കേഡറിലെ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആന്‍റ് സെയിൽ), പ്രൊബേഷണറി ഓഫീസർ (പിഒ) എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ക്ലറിക്കൽ തസ്കികയിൽ രാജ്യത്താകെ 14191 ഒഴിവുകളും പ്രൊബേഷണറി ഓഫീസർ തസ്തികയിൽ 600 ഒഴിവുകളുമാണുള്ളത്. ബിരുദമാണ് യോഗ്യത. ക്ലാർക്ക് നിയമനത്തിന് ജനുവരി 7 വരെയും പിഒ നിയമത്തിന് ജനുവരി 16 വരെയും അപേക്ഷിക്കാം.
കസ്റ്റമർ സപ്പോർട്ട് ആന്‍റ് സെയിൽ വിഭാഗത്തിൽ കേരളത്തിൽ 451 ഒഴിവുകളാണുള്ളത്. ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാവൂ. ആ സംസ്ഥാനത്തെ ഭാഷയിൽ എഴുതാനും വായിക്കാനും പറയാനും കഴിയണം. ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് യോഗ്യത. പ്രായപരിധി 20 – 28. പട്ടിക വിഭാഗത്തിന് അഞ്ച് വർഷം, ഒബിസിക്ക് മൂന്ന് വർഷം, ഭിന്നശേഷിക്കാർക്ക് 10 വർഷം ഇളവുണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് ശേഷമായിരിക്കും നിയമനം.
അതേസമയം പ്രൊബേഷണറി ഓഫീസർ തസ്തികയിലേക്ക് 21 – 30 പ്രായ പരിധിയിലുള്ളവർക്ക് അപേക്ഷിക്കാം. ബിരുദം തന്നെയാണ് യോഗ്യത. സർക്കാർ മാനദണ്ഡ പ്രകാരം എസ്‍സി എസ്ടി, ഒബിസി വിഭാഗങ്ങൾക്ക് പ്രായപരിധിയിൽ ഇളവുണ്ട്. പ്രിലിമിനറി പരീക്ഷ 2025 മാർച്ച് 8 മുതൽ മാർച്ച് 15 വരെ നടത്താനാണ് തീരുമാനം. മെയിൻ പരീക്ഷ ഏപ്രിലിലോ മെയ് മാസത്തിലോ നടക്കും. ബാങ്കിന്‍റെ വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. 750 രൂപയാണ് അപേക്ഷാ ഫീസ്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ മാത്രമേ ഫീസടയ്ക്കാനാവൂ.
പ്രിലിമിനറി പരീക്ഷയ്ക്ക് ശേഷം ചുരുക്കപ്പട്ടിക തയ്യാറാക്കി മെയിൻ പരീക്ഷ നടത്തും. ശേഷം സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ്പ് ഡിസ്കഷൻ, ഇന്‍റർവ്യൂ എന്നിവ ഉൾപ്പെടുന്ന മൂന്നാം ഘട്ടവുമുണ്ട്.
SBI Clerk 14191 Vacancies and Probationary Officer 600 Vacancies Apply Soon