റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള വിവിധ റെയിൽവേ റിക്രൂട്‌മെന്റ് ബോർഡുകൾ വിവിധ നോൺ ടെക്നിക്കൽ പോപ്പുലർ കാറ്റഗറി (ഗ്രാജുവേറ്റ്, അണ്ടർ ഗ്രാജുവേറ്റ് പോസ്റ്റ്) തസ്‌തികയിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 35,277 ഒഴിവുകളുണ്ട്. തിരുവനന്തപുരം ആർആർബിയിൽ 897 ഒഴിവുകളുണ്ട്. അണ്ടർ ഗ്രാജുവേറ്റ് തസ്തികയിൽ 10628 ഒഴിവുകളും ഗ്രാജുവേറ്റ് തസ്തികയിൽ 24649 ഒഴിവുകളുമാണുള്ളത്. ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മാർച്ച് 31.
സെൻട്രലൈസ്ഡ് എംപ്ലോയ്മെന്റ് നോട്ടിസ് നമ്പർ: CEN 01/2019
കൊമേഴ്സ്യൽ അപ്രന്റിസ്, സ്റ്റേഷൻ മാസ്റ്റർ, ഗുഡ്സ് ഗാർഡ്, ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ്, സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, സീനിയർ ടൈം കീപ്പർ, ട്രാഫിക് അസിസ്റ്റന്റ്, കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക്, അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ്, ജൂനിയർ ടൈം കീപ്പർ, ട്രെയിൻസ് ക്ലാർക്ക് എന്നീ തസ്തികകളിലാണ് ഒഴിവ്.
കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത, ഒഴിവ് എന്നിവ ചുവടെ.
- കൊമേഴ്സ്യൽ അപ്രന്റിസ്(ഒഴിവ്–259): ബിരുദം/തത്തുല്യം.
- സ്റ്റേഷൻ മാസ്റ്റർ (6865): ബിരുദം/തത്തുല്യം.
- ഗുഡ്സ് ഗാർഡ് (5748): ബിരുദം/തത്തുല്യം.
- ജൂനിയർ അക്കൗണ്ട്സ് അസിസ്റ്റന്റ് കം ടൈപ്പിസ്റ്റ് (3164): ബിരുദം/തത്തുല്യം. ഇംഗ്ലിഷ്/ഹിന്ദിയിൽ ടൈപ്പിങ് പ്രാവീണ്യം(കംപ്യൂട്ടർ).
- സീനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (2873): ബിരുദം/തത്തുല്യം. ഇംഗ്ലിഷ്/ഹിന്ദിയിൽ ടൈപ്പിങ് പ്രാവീണ്യം(കംപ്യൂട്ടർ).
- സീനിയർ കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (5638): ബിരുദം/തത്തുല്യം.
- സീനിയർ ടൈം കീപ്പർ (14): ബിരുദം/തത്തുല്യം. ഇംഗ്ലിഷ്/ഹിന്ദിയിൽ ടൈപ്പിങ് പ്രാവീണ്യം(കംപ്യൂട്ടർ).
- ട്രാഫിക് അസിസ്റ്റന്റ് (88): ബിരുദം/തത്തുല്യം.
- കൊമേഴ്സ്യൽ കം ടിക്കറ്റ് ക്ലാർക്ക് (4940): കുറഞ്ഞത് മൊത്തം 50% മാർക്കോടെ 12 ാം ക്ലാസ്/തത്തുല്യം(+2 സ്റ്റേജ്). പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, പ്ലസ്ടുവിനെക്കാളും ഉയർന്ന യോഗ്യതയുള്ളവർ എന്നിവർക്ക് മാർക്ക് പരിധി ബാധകമല്ല.
- അക്കൗണ്ട്സ് ക്ലാർക്ക് കം ടൈപ്പിസ്റ്റ് (760): കുറഞ്ഞത് മൊത്തം 50% മാർക്കോടെ 12 ാം ക്ലാസ്/തത്തുല്യം (+2 സ്റ്റേജ്). പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, പ്ലസ്ടുവിനെക്കാളും ഉയർന്ന യോഗ്യതയുള്ളവർ എന്നിവർക്ക് മാർക്ക് പരിധി ബാധകമല്ല. ഇംഗ്ലിഷ്/ഹിന്ദിയിൽ ടൈപ്പിങ് പ്രാവീണ്യം(കംപ്യൂട്ടർ).
- ജൂനിയർ ക്ലാർക്ക് കം ടൈപ്പിസ്റ്റ് (4319): കുറഞ്ഞത് മൊത്തം 50% മാർക്കോടെ 12 ാം ക്ലാസ്/തത്തുല്യം (+2 സ്റ്റേജ്). പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, പ്ലസ്ടുവിനെക്കാളും ഉയർന്ന യോഗ്യതയുള്ളവർ എന്നിവർക്ക് മാർക്ക് പരിധി ബാധകമല്ല. ഇംഗ്ലിഷ്/ഹിന്ദിയിൽ ടൈപ്പിങ് പ്രാവീണ്യം(കംപ്യൂട്ടർ).
- ജൂനിയർ ടൈം കീപ്പർ (17): കുറഞ്ഞത് മൊത്തം 50% മാർക്കോടെ 12 ാം ക്ലാസ്/തത്തുല്യം (+2 സ്റ്റേജ്). പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, പ്ലസ്ടുവിനെക്കാളും ഉയർന്ന യോഗ്യതയുള്ളവർ എന്നിവർക്ക് മാർക്ക് പരിധി ബാധകമല്ല. ഇംഗ്ലിഷ്/ഹിന്ദിയിൽ ടൈപ്പിങ് പ്രാവീണ്യം(കംപ്യൂട്ടർ).
- ട്രെയിൻസ് ക്ലാർക്ക് (592): കുറഞ്ഞത് മൊത്തം 50% മാർക്കോടെ 12 ാം ക്ലാസ്/തത്തുല്യം (+2 സ്റ്റേജ്). പട്ടികവിഭാഗം, ഭിന്നശേഷിക്കാർ, വിമുക്തഭടൻ, പ്ലസ്ടുവിനെക്കാളും ഉയർന്ന യോഗ്യതയുള്ളവർ എന്നിവർക്ക് മാർക്ക് പരിധി ബാധകമല്ല.
അവസാന വർഷ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കേണ്ടതില്ല.
പ്രായം:
- അണ്ടർ ഗ്രാജുവേറ്റ് പോസ്റ്റ്: 18–30 വയസ്.
- ഗ്രാജുവേറ്റ്ഗ്രാ: 18–33 വയസ്.
2019 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി പ്രായം കണക്കാക്കും. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്ക്(നോൺ ക്രീമി ലെയർ) മൂന്നും ഭിന്നശേഷിക്കാർക്ക് 10 വർഷം ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവു ലഭിക്കും. മറ്റ് ഇളവുകൾ ചട്ടപ്രകാരം.
അപേക്ഷാഫീസ്: 500 രൂപ.
ആദ്യ ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 400രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും.
പട്ടികവിഭാഗം, വിമുക്തഭടൻ, ഭിന്നശേഷിക്കാർ, സ്ത്രീകൾ, ട്രാൻസ്ജെൻഡർ, ന്യൂനപക്ഷവിഭാഗക്കാർ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ എന്നിവർക്ക് 250 രൂപ മതി. ആദ്യ ഘട്ട സിബിടിക്കു ഹാജരാകുന്നവർക്ക് 250 രൂപ തിരികെ നൽകും. ബാങ്ക് ചാർജുകൾ ഈടാക്കുന്നതായിരിക്കും.
ഓൺലൈനായും ഓഫ്‌ലൈനായും ഫീസടയ്ക്കാം.
ഇന്റർനെറ്റ് ബാങ്കിങ്/ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/യുപിഐ മുഖേന ഒാൺലൈനായി ഫീസടയ്ക്കാം. എസ്ബിഐ/ഏതെങ്കിലും കംപ്യൂട്ടറൈസ്ഡ് പോസ്റ്റ് ഒാഫിസ് മുഖേന ചെലാൻ പേയ്മെന്റായി ഒാഫ്‌ലൈനായും ഫീസടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
തിരഞ്ഞെടുപ്പ്: രണ്ടു ഘട്ടമായുള്ള കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ്(സിബിടി), ടൈപ്പിങ് സ്കിൽ ടെസ്റ്റ്/കംപ്യൂട്ടർ ബേസ്ഡ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്(ബാധകമായവർ), ഡോക്യുമെന്റ് വെരിഫിക്കേഷൻ, മെഡിക്കൽ പരിശോധന എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്.
പരീക്ഷയ്ക്ക് ഹിന്ദി, ഇംഗ്ലിഷ് എന്നിവയ്ക്കു പുറമേ മലയാളവും പരീക്ഷാ മാധ്യമമായി തിരഞ്ഞെടുക്കാം. ആദ്യ ഘട്ടത്തിൽ90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 100 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. രണ്ടാ ഘട്ടത്തിൽ 90 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയിൽ 120 മാർക്കിന്റെ ചോദ്യങ്ങളുണ്ടാകും. യോഗ്യരായ ഭിന്നശേഷിക്കാർക്ക് സ്ക്രൈബോടെ 120 മിനിറ്റ് വരെ ലഭിക്കും. ജനറൽ അവയർനെസ്, മാത്തമാറ്റിക്സ്, ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് എന്നിവയുണ്ടാകും (വിശദമായ സിലബസ് പേജ് 6 ൽ ). നെഗറ്റീവ് മാർക്കിങ് ഉണ്ടായിരിക്കും. ഓരോ തസ്തികയുടെയും തിരഞ്ഞടുപ്പ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇതോടൊപ്പം പട്ടികയിൽ നൽകിയിട്ടുണ്ട്. 2019 ജൂൺ–സെപ്റ്റംബർ മാസങ്ങളിൽ പരീക്ഷ ഉണ്ടാകും.
ഉദ്യോഗാർഥികൾ ഒന്നിലേറെ അപേക്ഷ അയയ്ക്കേണ്ടതില്ല. എല്ലാ യോഗ്യതകളും 2019 മാർച്ച് 31 അടിസ്ഥാനമാക്കി കണക്കാക്കും.
അപേക്ഷിക്കേണ്ട വിധം: ബന്ധപ്പെട്ട വെബ്സൈറ്റുകളിലൂടെ ഒാൺലൈൻ അപേക്ഷ സമർപ്പിക്കാം. വെബ്സൈറ്റുകളുടെ വിലാസം അടുത്ത പേജിലെ പട്ടികയിൽ നൽകിയിട്ടുണ്ട്. അപേക്ഷകന് ഇമെയിൽ വിലാസവും മൊബൈൽ നമ്പറും ഉണ്ടായിരിക്കണം. പ്രാഥമിക വിവരങ്ങൾ സമർപ്പിച്ചു കഴിയുമ്പോൾ ഒടിപി നമ്പർ ഉദ്യോഗാർഥിയുടെ റജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പർ/ഇമെയിൽ ഐഡിയിലൂടെ ലഭിക്കും.
ഒടിപി ആക്ടിവേറ്റ് ചെയ്തു കഴിയുമ്പോൾ റജിസ്ട്രേഷൻ നമ്പർ ലഭിക്കും. ഇൗ റജിസ്ട്രേഷൻ നമ്പർ പിന്നീടുള്ള ആവശ്യങ്ങൾക്കായി സൂക്ഷിക്കേണ്ടതാണ്. ഉദ്യോഗാർഥി ഫോട്ടോയും ഒപ്പും JPG/JPEG ഫോർമാറ്റിൽ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യേണ്ടതാണ്.
ഫോട്ടോ വെളുത്ത/ലൈറ്റ് കളർ പശ്ചാത്തലത്തിലായിരിക്കണം ഫോട്ടോ 20–50 കെബിയിൽ ഉള്ളതായിരിക്കണം .
2019 ജനുവരി ഒന്നിനോ അതിനു ശേഷമോ എടുത്ത കളർ ഫോട്ടോ ആയിരിക്കണം. ഒപ്പ് 10–40 കെബിയിൽ (വെള്ളക്കടലാസിൽ കറുത്ത മഷി കൊണ്ട്) ഉള്ളതായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെട്ട വെബ്സൈറ്റുകൾ കാണുക.
വിജ്ഞാപനത്തിലെ നിർദേശങ്ങൾ മനസിലാക്കിയതിനു ശേഷം മാത്രം അപേക്ഷിക്കുക.
തിരുവനന്തപുരം ആർആർബി: www.rrbthiruvananthapuram.gov.in
Ph: 0471 2323357.