വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറടക്കം 165 തസ്തികകളിലേക്കുള്ള അപേക്ഷാ സ്വീകരണം പൂര്‍ത്തിയായി. ജനുവരി 30 ആയിരുന്നു അവസാന തീയതി. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസറാകാന്‍ 12,54,961 പേര് അപേക്ഷിച്ചു. ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ക്ക് 80,515 അപേക്ഷ ലഭിച്ചു. കമ്പനി/ബോര്‍ഡ്/കോര്‍പ്പറേഷനുകളില്‍ ഡ്രൈവര്‍ കം ഓഫീസ് അറ്റന്‍ഡന്റിന് 40,996 പേര് അപേക്ഷിച്ചു. സെക്രട്ടേറിയറ്റ്/പി.എസ്.സി. എന്നിവിടങ്ങളിലേക്കുള്ള കംപ്യൂട്ടര്‍ അസിസ്റ്റന്റാകാന്‍ 33,941 പേരുടെ അപേക്ഷ ലഭിച്ചു.
വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റിന് അപേക്ഷിച്ചത് 33,435 പേര്. സര്‍വകലാശാലകളില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റിന്റെ രണ്ടാമത്തെ വിജ്ഞാപനത്തിന് 30,577 അപേക്ഷകളാണ് ലഭിച്ചത്. പൊതുമരാമത്ത്/ജലസേചന വകുപ്പുകളില്‍ സിവില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ തസ്തികയ്ക്ക് അപേക്ഷ നല്‍കിയത് 30,576 പേര്. വനിതാശിശുവികസന വകുപ്പില്‍ ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ക്ക് 17,332 പേരുടെ അപേക്ഷകള്‍ ലഭിച്ചു. 2018 ഡിസംബര്‍ 29-നും 31-നുമായി രണ്ടു ഘട്ടത്തില്‍ 165 തസ്തികകളിലേക്കാണ് വിജ്ഞാപനം ക്ഷണിച്ചത്. വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ക്ക് പത്ത് ലക്ഷം അപേക്ഷകളാണ് പ്രതീക്ഷിച്ചതെങ്കിലും പന്ത്രണ്ടര ലക്ഷം കടന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്; ഒന്നര ലക്ഷം.
സഹകരണ വകുപ്പിലെ ജൂനിയര്‍ കോ-ഓപ്പറേറ്റീവ് ഇന്‍സ്പെക്ടര്‍ തസ്തികയിലേക്ക് അപേക്ഷകര്‍ 80,000 കടന്നു. ഇതിലേക്ക് തസ്തികമാറ്റത്തിന് വിജ്ഞാപനം ക്ഷണിച്ചിരുന്നില്ല. വിവിധ വകുപ്പുകളില്‍ എല്‍.ഡി. ടൈപ്പിസ്റ്റിനും ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ തിരുവനന്തപുരത്താണ്- 6196 പേര്. കഴിഞ്ഞ തവണ 4000 പേരാണ് ഇവിടെ അപേക്ഷ നല്‍കിയത്. കെ.ജി.ടി.ഇ. പരീക്ഷാഫലം ജനുവരിയില്‍ തന്നെ പ്രസിദ്ധീകരിച്ചതിനാല്‍ എല്‍.ഡി ടൈപ്പിസ്റ്റ്, കോണ്‍ഫിഡന്‍ഷ്യന്‍ അസിസ്റ്റന്റ്, കംപ്യൂട്ടര്‍ അസിസ്റ്റന്റ് തസ്തികകള്‍ക്ക് കൂടുതല്‍ പേര്‍ക്ക് അപേക്ഷിക്കാനായി. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ക്ക് കാല്‍ലക്ഷത്തിലേറെ അപേക്ഷകള്‍ ലഭിച്ചു.