കൊച്ചി: വനംവകുപ്പില്‍ 2014-ന് മുന്‍പ് ബീറ്റ് ഓഫീസര്‍മാരായി നിയമനം ലഭിച്ചവരും സ്ഥാനക്കയറ്റം ലഭിക്കാന്‍ വകുപ്പുതല പരീക്ഷ എഴുതണമെന്ന് ഹൈക്കോടതി. ബീറ്റ് ഓഫീസര്‍മാര്‍ അടക്കമുള്ളവരുടെ നിയമനം, സ്ഥാനക്കയറ്റം എന്നിവയുമായി ബന്ധപ്പെട്ട് 2014ല്‍ കൊണ്ടുവന്ന ചട്ട ഭേദഗതിയിലെ ഇളവ് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തില്‍ ബാധകമല്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് പി. കൃഷ്ണകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായി സ്ഥാനക്കയറ്റം ലഭിക്കണമെങ്കില്‍ വകുപ്പുതല ടെസ്റ്റുകള്‍ പാസാകണമെന്ന വ്യവസ്ഥയാണ് ഭേദഗതിയിലൂടെ ഉള്‍പ്പെടുത്തിയത്. ഇത് 2010 മുതല്‍ ബാധകമാണെന്നും വ്യക്തമാക്കിയിരുന്നു. എന്നാല്‍ നിലവില്‍ സര്‍വീസിലുള്ളവര്‍ക്ക് തുടരാന്‍ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതി ബാധകമല്ലെന്ന ഇളവും ഉള്‍പ്പെടുത്തിയിരുന്നു.
ഇത് സ്ഥാനക്കയറ്റത്തിന്റെ കാര്യത്തിലും ബാധകമാണെന്ന 2010 ഓഗസ്റ്റ് 10ന് നിയമനം ലഭിച്ച ഒരുകൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ വാദമാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിന്റെ (കെ.എ.ടി.) ഉത്തരവ് ശരിവെച്ചാണ് ഉത്തരവ്. 2010 ഓഗസ്റ്റ് 10ന് നിയമനംലഭിച്ച ഒരുകൂട്ടം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് 2022 ഓഗസ്റ്റ് അഞ്ചിന് സ്ഥാനക്കയറ്റം ലഭിച്ചിരുന്നു. ഇതിനെതിരേ നല്‍കിയ ഹര്‍ജി കെ.എ.ടി. അനുവദിക്കുകയും സ്ഥാനക്കയറ്റം റദ്ദാക്കുകയും ചെയ്തു. ഇതിനെതിരേയാണ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരും സര്‍ക്കാരും ഹൈക്കോടതിയില്‍ എത്തിയത്.
സ്ഥാനക്കയറ്റം പരിഗണിക്കുന്ന സമയത്ത് നിലവിലുള്ള ചട്ടങ്ങളാണ് ബാധകമെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നിയമനത്തിനുശേഷം യോഗ്യതയില്‍ കൊണ്ടുവന്ന ഭേദഗതിയുടെ കാര്യത്തിലാണ് ഇളവ് അനുവദിച്ചതെന്നും വ്യക്തമാക്കി.
forest department promotion beat forest officer kerala high court